Thursday, May 28, 2020

തട്ടിക്കൂട്ട് കപ്പ ബിരിയാണി

ചോറും തൈരും അച്ചാറും കൂട്ടി ഊണ് കഴിഞ്ഞു ഉറങ്ങാം എന്ന് വിചാരിച്ചു ഇരിക്കുമ്പോ ഭർത്താവ് വന്നു കപ്പ ബിരിയാണി വേണം എന്ന് പറഞ്ഞിട്ടുണ്ടോ? ..നല്ല രസാണ്. 🥳..തദ്‌ അവസരത്തിൽ പുറത്തെടുക്കാവുന്ന ഒരു റെസിപ്പി ആണ് ഞാൻ ഇവിടെ പുറത്തെടുക്കുന്നത് .. 

കപ്പ ബിരിയാണിയുടെ ചരിത്രപരവും സാംസ്കാരികപരവും ആയ ഒരു ഇത് എന്താണെന്നു വച്ചാൽ കേരളത്തിലെ ക്രിസ്ത്യൻ വിവാഹത്തലേന്നത്തെ മികച്ച ഒരു ഇതാണ് ഇത് എന്നതാണ്. അത് കൊണ്ട് തന്നെ പിറ്റേന്നത്തെ മിന്നുകെട്ടിനും BUFFETയ്ക്കും പോവാതെ  കപ്പ ബിരിയാണി കഴിക്കാൻ മാത്രം പോക്ക് തലേന്നത്തെക്കു മാറ്റുന്നവർ  ഉണ്ടത്രേ . 
ഇനി നട്ടപാതിരക്ക് കപ്പ ബിരിയാണി എങ്ങനെ തട്ടിക്കൂട്ടാം എന്ന് നോക്കാം . അതിനു വേണ്ട ചേരുവകൾ എന്തൊക്കെയാണെന്നും നോക്കാം .

1.   ഒന്നാമതായി കഥയിലെ നായകനായ കപ്പ-ഒത്ത പൊക്കവും തടിയും ഉള്ളത് ഒന്ന്  (Six pack  ഒന്നും വേണ്ട . അല്ലെങ്കിലും കേരളത്തിലെ ആൺപിള്ളേർക്ക് എന്തിനാ Six pack! ) 

2. കഥയിലെ നായിക ആയ ചിക്കൻ - തലേന്നത്തെ കറിയിൽ നിന്ന് ആരും അറിയാതെ അടിച്ചു മാറ്റി വച്ച 3 കഷ്ണം . ചാറും കൂടെ ഉണ്ടെങ്കിൽ പൊളിച്ചു. 

3. ഉള്ളി വലുത് ഒന്ന് കരയാതെ അരിഞ്ഞത് 

4. പച്ചമുളക് നീളത്തിൽ കീറിയത് -2 എണ്ണം 

5. ഇഞ്ചി ചെറിയ കഷ്ണം ഇഞ്ചിഞ്ചായി അറഞ്ചം പൊറഞ്ചം ചതച്ചത് 

6. വെളുത്തുള്ളി 4 അല്ലിയും ഒരു തക്കാളിയും  ഇഞ്ചിക്ക് കൂട്ടിനു ചതയ്ക്കപ്പെട്ടത് 

7. കറിവേപ്പില 2 തണ്ടു -പച്ചക്കറി കടക്കാരനോട് ഇരന്നു വാങ്ങിയതോ അപ്പുറത്തെ വീട്ടിനു കട്ട് ഒടിച്ചതോ 

8. ഗരം മസാല - വീട്ടിൽ ഇരിപ്പുള്ളത് ഏതാണ് എന്ന് വച്ചാൽ അത് - കൊടഞ്ഞു ഇടുമ്പോ ചാടുന്ന അത്രയും 

9. കുരുമുളക് പൊടി , ഉപ്പു - 1 ടീസ്പൂൺ വീതം , ശകലം മഞ്ഞൾ പൊടി 

10. Taste conscious ആണെങ്കിൽ വെളിച്ചെണ്ണ / health conscious ആണെങ്കിൽ sunflower oil 

ആദ്യമായി വക്കു പൊട്ടാത്ത ചീനച്ചട്ടി അടുപ്പത്തു വക്കുക. ചൂടാവുമ്പോ എണ്ണ ധാര ധാരയായി ഒഴിക്കുക. എണ്ണയും ചൂടാവുമ്പോ കടുകുമണീസ് ഇട്ടു മാറി നിൽക്കുക . കടുക്മണി കുഞ്ഞുങ്ങൾ പൊട്ടിത്തെറിച്ചു കഴിഞ്ഞാൽ whole spices (കരയാമ്പൂ , ചെറും ജീരകം , സ്റ്റാർ പോലിരിക്കുന്നവൻ, ഉണക്ക ഇല പോലിരിക്കുന്നവൻ , മരത്തൊലി പോലിരിക്കുന്നവൻ) ഏതെങ്കിലും വീട്ടിൽ ഇരുപ്പുണ്ടെങ്കി പെറുക്കി ഇടാം .(ഇല്ലെങ്കിലും സാരമില്ല. )

ഉള്ളിയും കറിവേപ്പിലയും പച്ചമുളകും കൈ കോർത്ത് പിടിച്ചു ചട്ടിയിലേക്ക് ചാടട്ടെ . ഉപ്പും മഞ്ഞൾ പൊടിയും ചേർത്തു ഇളക്കുക . (ഇളക്കൽ ആണ് നമ്മളുടെ മെയിൻ.)

അങ്ങനെ വരമഞ്ഞളാടിയ ഉള്ളിയുടെ മാറിൽ ഇഞ്ചി- വെളുത്തുള്ളി- തക്കാളി മിശ്രിതം ചേർത്ത് വീണ്ടും ഇളക്കുക. ഇളക്കി ഇളക്കി ingredients- ന്റെ എല്ലാം respective പെറ്റമ്മ കണ്ടാൽ തിരിച്ചറിയാത്ത പരുവത്തിൽ ആക്കുക. 

ഇനി നമുക്ക് ഏറ്റവും ദേഷ്യം ഉള്ള ആളെ മനസ്സിൽ ധ്യാനിച്ച് ചിക്കൻ കഷണങ്ങൾ ചട്ടിയിലേക്ക് ഇട്ടു കൊത്തി കൊത്തി യോജിപ്പിക്കുക.  കുരുമുളക് പൊടിയും പച്ച വെളിച്ചെണ്ണയും കൂടെ തൂവി ഇളക്കിയെടുത്താൽ പൊളി സാനം . 😋

തീ കെടുത്താം. കൊള്ളാവുന്ന പ്ലേറ്റിയിലേക് വിളമ്പാം. കഴിക്കാം.

ആഹാ ......അന്തസ്സ് ...😝