Friday, June 12, 2020

നൊക്ക്ളാഞ്ചിയ പൂക്കൾ (വെട്ടു കേക്ക് )

അച്ഛാച്ചൻ ബാലൻ ചേട്ടന്റെ ചായക്കടയിൽ നിന്ന് പത്രക്കടലാസ്സിൽ പൊതിഞ്ഞു വാങ്ങി കൊണ്ട് തന്നിരുന്ന സ്വർണപൂക്കൾ പോലുള്ള പലഹാരം. ഈ സുന്ദര കുഞ്ഞന് ആരാ വെട്ടു കേക്ക് എന്ന് പേര് ഇട്ടതു? ഒരു മാതിരി കൊട്ടെഷൻ സംഘത്തിന് ഇടുന്ന പേര് പോലെയായി പോയി . 

വടയുടെയും അടയുടെയും അപ്പങ്ങളുടെയും ഇടയിൽ  ചില്ലുകൂട്ടിലിരിക്കുന്ന ഈ ആൾ കൂട്ടത്തിലെ പരിഷ്കാരി തന്നെ. സംഗതി മറ്റുള്ളവരെ പോലെ അതേ എണ്ണയിൽ വറുത്തു കോരിയ സംഭവം ആണെങ്കിലും ഒരു baked cake പരിവേഷം ഒക്കെയുണ്ട്. 

മൈദ ആരോഗ്യത്തിനു നല്ലതല്ലെന്നും , എണ്ണ പലഹാരം കഴിച്ചാൽ cholesterol വരുമെന്നും , ചൂട് പലഹാരം പത്രത്തിൽ  പൊതിഞ്ഞാൽ മഷി react  ചെയ്യുമെന്നും ഒന്നും ആരും തല പുകക്കാത്ത ആ കാലത്തു എല്ലാത്തിനും മധുരമായിരുന്നു. എല്ലാം സുന്ദരവും. 

ഈ ഒരു നൊസ്റ്റാൾജിയ പാകം ചെയ്യാൻ ആവശ്യമായ ചേരുവകൾ ഇതൊക്കെയാണ്.

1. ഗ്ലാസ് മൈദ
2. 4 tbsp പഞ്ചസാര
3. 1 മുട്ട
4. 2 ഏലക്ക 
5. 1 tsp നെയ്യ്‌
6. വറുക്കാൻ ആവശ്യമുള്ള എണ്ണ

പഞ്ചസാരയും ഏലക്കയുടെ തരികളും ചേർത്ത് പൊടിക്കുക. മുട്ട അടിച്ചു പതപ്പിച്ചു , അതിലേക്ക് പൊടിച്ച പഞ്ചസാര ചേർത്ത് യോജിപ്പിക്കുക . പഞ്ചസാര അലിഞ്ഞു വരണം. ഇതിലേക്ക് മൈദാ കുറേശ്ശേ ആയി ഇട്ടു കുഴച്ചെടുക്കുക. ചപ്പാത്തി മാവിന്റെ പരുവത്തിൽ എത്തിക്കണം. 3 മണിക്കൂർ മാറ്റിവെക്കുക. അതിനു ശേഷം കയ്യിൽ നെയ്യ് തൂവി മാവു ഒരു സിലിണ്ടർ പോലെ ഉരുട്ടിയെടുക്കുക. ഈ സിലിണ്ടർ 2 cm  കനം ഉള്ള ഡിസ്ക് പോലെ മുറിച്ചെടുക്കുക. ഓരോ ഡിസ്ക്കിലും കത്തി കൊണ്ട് ക്രോസ്സ് വരയുക. എണ്ണ ചൂടാക്കി സ്വർണവർണത്തിൽ  പൊരിച്ചെടുക്കുക. ചൂട് ചായ കൂട്ടി നൊസ്റ്റു അടിച്ചു കഴിക്കുക .

(ബാക്കി ഉണ്ടെങ്കിൽ പിറ്റേന്നത്തേക്ക് വച്ചാൽ ഇനിയും രുചി ഉണ്ടാകും)


ശുഭം 


 

Monday, June 8, 2020

Egg puffs അഥവാ മൊട്ട പപ്പ്സ്

Egg puffs...മഹാനായ ക്രിസ്പിൻ പറഞ്ഞത് പോലെ മനുഷ്യനെ നാണം കെടുത്തുന്ന പലഹാരം ..കോട്ടും 
 Suit-ട്ടും സ്പൂണും ഫോർക്കും വേണ്ട  പൊങ്ങച്ച പാർട്ടികളിലോ  AC റൂം മീറ്റിങ്ങുകളിലോ ഇവനെ അങ്ങനെ കയറ്റാറില്ല...fan ഇന്റെ അടുത്ത് പോയി കഴിക്കാനും പറ്റില്ല 💨

പക്ഷെ ....


മിക്കവാറും ദിവസങ്ങളിൽ  ജോലി കഴിഞ്ഞു വരുന്ന അച്ഛന്റേം അമ്മയുടെയും കയ്യിലെ പൊതിയിലെ   VIP ഇവനാവും  ... +2 സമയം ഒക്കെ  ആയി ചെറിയ പോക്കറ്റ് മണിയായി ഒക്കെ ആയപ്പോ സ്കൂളിന്റെ അടുത്ത ഉള്ള ചേട്ടന്റെ ചെറിയ കടയിൽ കൂട്ടുകാരും ഒന്നിച്ചു പോയി കൂട്ടം കൂടി ഇരുന്നു sauce കുപ്പിയിൽ നിന്നുള്ള ചുമന്ന  ദ്രാവകം ഒഴിച്ച് കടിച്ചു മുറിച്ചു കഴിച്ചപ്പോ 2 വർഷം പോയതറിഞ്ഞില്ല . Farewell- ഇന്റെ അന്നും പിന്നീട് marklist  വാങ്ങാൻ പോയപ്പോഴും get together- നു പോയപ്പോഴും  നേരെ പോയതു അതേ കടയിലേക്കും രുചിയിലേക്കും.
....തിരക്കുള്ള ദിവസം, വിശാലമായി ഊണ് കഴിക്കാൻ നേരമില്ല... എന്നാലും  വിശപ്പ് മാറണം എങ്കിൽ ഇവൻ തന്നെ ശരണം.

അടുത്തുള്ള കുഞ്ഞു ബേക്കറിയിൽ കയറി നിന്ന് കൊണ്ട് ഇവനേം അകത്താക്കി ഒരു ചൂട് നാരങ്ങാ വെള്ളവും കാച്ചിയാൽ പിന്നെ Popeye, the sailorman ചീര കഴിച്ച പോലെയാ. 

Fully recharged.💪


അങ്ങനെ ഒരു ശരാശരി മലയാളിയുടെ ചങ്ക് ബ്രോ ആണ് മൊട്ട പപ്പ്സ് ...ഒട്ടുമിക്ക ദിവസവും കിട്ടും...ഒട്ടുമിക്ക   കടയിലും കിട്ടും ... തനി മലയാളിയായി വീട്ടിൽ കൊണ്ട് വന്നു ആരും നോക്കി നിൽക്കാൻ ഇല്ലാത്തപ്പോൾ കഴിക്കണം.. ഓരോ ലെയർ ആയി പൊളിച്ചു തിന്നു ഉള്ളിലേക്ക് വരണം.... അപ്പൊ ആ മസാലയുടെ എരിവ് ...പിന്നെ മുട്ടയുടെ രുചി... കഴിച്ചു കഴിയുമ്പോ നന്നായി ദാഹിക്കണം ...അപ്പൊ നാരങ്ങാ വെള്ളം കുടിക്കണം... ആഹഹ

ഇങ്ങനെയൊക്കെ ആണെങ്കിലും മലയാളിക്ക് എഗ്ഗ് പഫ്‌സ് ഒരു വികാരമാണെന്ന് തിരിച്ചറിയാൻ lockdown വേണ്ടി വന്നു.... Bakery ഒന്നും തുറക്കാതായപ്പോ എന്നും എവിടെയും സുലഫമായി  കിട്ടിയിരുന്ന item കിട്ടാതായി....പക്ഷെ മലയാളി ഉണ്ടോ വിടുന്നു.... കിട്ടില്ലെങ്കി തന്നെ ഉണ്ടാക്കും... ഹല്ലാ പിന്നെ... 
പിന്നെ അങ്ങോട്ട് youtuber ചേച്ചിമാരൊക്കെ recipe vlogs ഇടുന്നു.... കൂടി പോയാൽ bread omlette വരെ ഉണ്ടാക്കിയിരുന്ന teams വരെ എഗ്ഗ് പഫ്‌സ് ഉണ്ടാക്കുന്നു.... Facebook, instagram ഒക്കെ homemade egg puffs കൊണ്ട് നിറയുന്നു .... 

ഇനി ഞാനായിട്ട് കുറക്കുന്നില്ല...
1. 1 cup(250 ml) maida 
2. സവാള വലുത് ഒന്ന്
3. തക്കാളി ചെറുത് ഒന്ന്
4. ചിക്കൻ മസാല -1 tablespoon
5. ഇഞ്ചി ചെറിയ കഷ്ണം
6. വെളുത്തുള്ളി 4 അല്ലി
7. മുട്ട -2 എണ്ണം
8. എണ്ണ - 3 tablespoon

ഉപ്പ് 
മഞ്ഞൾപൊടി

മുട്ട പുഴുങ്ങി എടുക്കുക. ഓരോന്നും രണ്ടായി മുറിക്കുക. ചൂടായ ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് സവാള നീളത്തിൽ അരിഞ്ഞത് വഴറ്റുക. ഉപ്പും മഞ്ഞൾ പൊടിയും ചേർത്തിളക്കുക. ഇഞ്ചി, വെളുത്തുള്ളി, തക്കാളി ഓരോന്നും അരച്ചു ചേർത്ത് ഇട്ടു ഇളക്കി മൂപ്പിച്ചു എടുക്കാം. ചിക്കൻ മസാല കൂടെ ചേർത്ത് നന്നായി എന്ന തെളിയുന്ന വരെ ഇളക്കി വാങ്ങാം. 

മൈദ ഉപ്പു ചേർത്ത്  ചപ്പാത്തിക്ക് കുഴക്കുന്ന പോലെ കുഴച്ചു 6 ഉരുള ആക്കി വക്കുക. ഈ ഉരുളകൾ ഓരോന്നും ചപ്പാത്തിക്കെന്ന പോലെ പരത്തി എടുക്കുക ...ആഫ്രിക്കൻ ഭൂപടം പോലെ ആയാലൊന്നും കുഴപ്പമില്ല .. ഇനി  ഈ 6 ഷീറ്റും ഒന്നിനു മുകളിൽ ഒന്നായി അടുക്കി വക്കം... 2 ഷീറ്റുകൾക്കിടയിൽ കുറച്ച മൈദാ തൂവാൻ മറക്കണ്ട ....അങ്ങനെ 6 ലയർ ഉള്ള ഒരു ഷീറ്റിനെ 4 ആയി മുറിച്ചോളു . ഓരോ കഷ്ണം ആണ് നമ്മുടെ ഓരോ പഫ്സിനുള്ള ബസ്. വലുപ്പം കുറവാണെന്ന് തോന്നുന്നെങ്കിൽ മയത്തിൽ ഒന്ന് തള്ളാം ....സോറി പരത്താം ....ഓരോ ബേസിലും മസാല വച്ച് അര  മുട്ടയും വച്ച് സീൽ ചെയ്തു എടുക്കാം.
ഇനി പാവങ്ങളുടെ ഓവൻ ആയ കുക്കർ ചൂടാക്കി 2 സ്പൂൺ എന്ന ഒഴിച്ച് പഫ്‌സ് അതിൽ വച്ച് അടച്ചു ( with washer & whistle) low flame കുക്ക് ചെയ്യാം... ഇടക്ക് മറച്ചും തിരിച്ചും ചെരിച്ചും കൊടുക്കാം ( പഫ്‌സ്ന്റെ കാര്യമാണ്... കുക്കറിന്റെ അല്ല)... 20 മുതൽ 30 മിനിറ്റ് വരെ എടുക്കും.... എന്നാലെന്താ .....കിടിലോൽക്കിടിലം എഗ്ഗ് പഫ്‌സ് റെഡി....(ഇത് കഴിച്ചാൽ മുഖത്തു പൊടി ആവുകേം ഇല്ല എന്നതാണ് ഇതിന്റെ ഹൈലൈറ്.).. 


പിൻകുറിപ്പു: എഗ്ഗ് പഫ്സിനെ 'miniaturized Porotta with Egg Roast' എന്ന ശ്രേഷ്ഠ പദവി കൊടുത്ത ആദരിക്കണം എന്നാണ് എന്റെ ഒരിത്.







Thursday, June 4, 2020

ചക്കിക്ക് ഒത്ത ചിക്കി (Peanut butter bar)

നന്നായി വിശന്നിരിക്കുന്ന സമയത്തു ഷോപ്പിംഗിനു പോകരുത് എന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്താന്ന് വച്ചാൽ വിശന്നിരിക്കുമ്പോ സൂപ്പർമാർക്കറ്റിലെ ഷെൽഫിൽ ഇരിക്കുന്ന തരുണീമണികളായ ഫുഡ് പാക്കറ്റ്സ് നമ്മളെ മാടി വിളിക്കും. ഒരു ആവശ്യം ഇല്ലെങ്കിലും നമ്മൾ അത് പെറുക്കി കുട്ടയിലിടും, വാങ്ങും .

അങ്ങനെ മുൻപ് ഒരു ദിവസം ഏതാണ്ട് ഉച്ച.. ഉച്ചര... ഉച്ചേ മുക്കാൽ മണി ആയപ്പോ ഞാനും പോയി ഷോപ്പിംഗിനു. പോയത് ഉപ്പോ മറ്റോ വാങ്ങാൻ ആണെങ്കിലും മേൽ പറഞ്ഞ പ്രതിഭാസം കാരണം ഞാനും വാങ്ങി കൂട്ടത്തിൽ എന്തൊക്കെയോ ആവശ്യം ഇല്ലാത്ത items -1bottle Peanut butter, 1 packet milk bikkis biscuit (കണ്ണും മൂക്കും ഉള്ള ക്രീം ബിസ്ക്കറ്റ് അല്ല. ക്രീം ഉള്ളവൻ പൊന്നപ്പൻ ആണ് എങ്കിൽ ഇവൻ വെറും ചെമ്പ്. ) അങ്ങനെ എന്തൊക്കെയോ വാങ്ങി വീട്ടിൽ എത്തി. ഇനി ആണ് scene contra. 

പൊതുവെ വീട്ടിലെ എല്ലാർക്കും peanut butter- നോട് ഏതാണ്ട് കപ്പലണ്ടി  പിണ്ണാക്കിനോട് ഉള്ളത്  പോലെ പുച്ഛം . ക്രീം ഇല്ലാത്ത ബിസ്ക്കറ്റ് ഉപ്പു ഇല്ലാത്ത കഞ്ഞി വെള്ളം പോലെ പുച്ഛത്തോട് പുച്ഛം . തല്പര കക്ഷികൾ അല്ലാത്ത ഇവരെ വച്ച് എന്ത് ചെയ്യാം എന്ന ഗവേഷണത്തിന്റെ ഉത്തരമാണ് ഇന്നത്തെ റെസിപ്പി. ഇതിനെ peanut butter bar/ peanut burfi/ energy bar/ നോർത്ത് ഇന്ത്യവത്കരിച്ചാൽ peanut chikki എന്നൊക്കെ വിളിക്കാം.
ഇതിനായി വേണ്ടത് നാലേ നാല് ചേരുവകൾ മാത്രം. 
1. 50 gram peanut butter.
2. 50 gram butter.
3. 100 gram പഞ്ചസാര 
4. ആർക്കും വേണ്ടാത്ത ബിസ്ക്കറ്റ് 10 എണ്ണം. (Arrowroot   തുടങ്ങി good day  വരെ  ഏതും ആവാം )

ആദ്യം പഞ്ചസാര നന്നായി പൊടിക്കുക. ബട്ടർ room temperature വച്ച് നന്നായി ഇളക്കി പേസ്റ്റ് പോലെ ആക്കുക . പൊടിച്ച പഞ്ചസാര ചേർത്ത് വീണ്ടും ഇളക്കുക. പഞ്ചസാര അലിഞ്ഞു വെണ്ണയിൽ ലയിച്ചു അങ്ങനെ വരണം. ഇതിലേക്ക് peanut butter ഇട്ടു യോജിപ്പിക്കുക . Biscuits കൂടി പൊടിച്ചു ചേർക്കാം. എല്ലാം നന്നായി മിക്സ് ആവട്ടെ . ഇനി ഒരു പ്ളേറ്റിൽ കുറച്ചു വെണ്ണ തടവി ഈ mixture അതിലിട്ട് പരത്തി വെക്കാം. തണുക്കുമ്പോ മുറിച്ചു എടുക്കാം. കിടിലോസ്‌കി ചിക്കി റെഡി. ഫ്രിഡ്‌ജിൽ വെച്ചാൽ കൂടുതൽ പൊളിക്കും. 

എന്റെ പീ നട്ട് ബട്ടർ കുട്ടാ ....നിനക്ക് മൊഞ്ചില്ലെന്ന് ആരാ പറഞ്ഞെ ? 

Thursday, May 28, 2020

തട്ടിക്കൂട്ട് കപ്പ ബിരിയാണി

ചോറും തൈരും അച്ചാറും കൂട്ടി ഊണ് കഴിഞ്ഞു ഉറങ്ങാം എന്ന് വിചാരിച്ചു ഇരിക്കുമ്പോ ഭർത്താവ് വന്നു കപ്പ ബിരിയാണി വേണം എന്ന് പറഞ്ഞിട്ടുണ്ടോ? ..നല്ല രസാണ്. 🥳..തദ്‌ അവസരത്തിൽ പുറത്തെടുക്കാവുന്ന ഒരു റെസിപ്പി ആണ് ഞാൻ ഇവിടെ പുറത്തെടുക്കുന്നത് .. 

കപ്പ ബിരിയാണിയുടെ ചരിത്രപരവും സാംസ്കാരികപരവും ആയ ഒരു ഇത് എന്താണെന്നു വച്ചാൽ കേരളത്തിലെ ക്രിസ്ത്യൻ വിവാഹത്തലേന്നത്തെ മികച്ച ഒരു ഇതാണ് ഇത് എന്നതാണ്. അത് കൊണ്ട് തന്നെ പിറ്റേന്നത്തെ മിന്നുകെട്ടിനും BUFFETയ്ക്കും പോവാതെ  കപ്പ ബിരിയാണി കഴിക്കാൻ മാത്രം പോക്ക് തലേന്നത്തെക്കു മാറ്റുന്നവർ  ഉണ്ടത്രേ . 
ഇനി നട്ടപാതിരക്ക് കപ്പ ബിരിയാണി എങ്ങനെ തട്ടിക്കൂട്ടാം എന്ന് നോക്കാം . അതിനു വേണ്ട ചേരുവകൾ എന്തൊക്കെയാണെന്നും നോക്കാം .

1.   ഒന്നാമതായി കഥയിലെ നായകനായ കപ്പ-ഒത്ത പൊക്കവും തടിയും ഉള്ളത് ഒന്ന്  (Six pack  ഒന്നും വേണ്ട . അല്ലെങ്കിലും കേരളത്തിലെ ആൺപിള്ളേർക്ക് എന്തിനാ Six pack! ) 

2. കഥയിലെ നായിക ആയ ചിക്കൻ - തലേന്നത്തെ കറിയിൽ നിന്ന് ആരും അറിയാതെ അടിച്ചു മാറ്റി വച്ച 3 കഷ്ണം . ചാറും കൂടെ ഉണ്ടെങ്കിൽ പൊളിച്ചു. 

3. ഉള്ളി വലുത് ഒന്ന് കരയാതെ അരിഞ്ഞത് 

4. പച്ചമുളക് നീളത്തിൽ കീറിയത് -2 എണ്ണം 

5. ഇഞ്ചി ചെറിയ കഷ്ണം ഇഞ്ചിഞ്ചായി അറഞ്ചം പൊറഞ്ചം ചതച്ചത് 

6. വെളുത്തുള്ളി 4 അല്ലിയും ഒരു തക്കാളിയും  ഇഞ്ചിക്ക് കൂട്ടിനു ചതയ്ക്കപ്പെട്ടത് 

7. കറിവേപ്പില 2 തണ്ടു -പച്ചക്കറി കടക്കാരനോട് ഇരന്നു വാങ്ങിയതോ അപ്പുറത്തെ വീട്ടിനു കട്ട് ഒടിച്ചതോ 

8. ഗരം മസാല - വീട്ടിൽ ഇരിപ്പുള്ളത് ഏതാണ് എന്ന് വച്ചാൽ അത് - കൊടഞ്ഞു ഇടുമ്പോ ചാടുന്ന അത്രയും 

9. കുരുമുളക് പൊടി , ഉപ്പു - 1 ടീസ്പൂൺ വീതം , ശകലം മഞ്ഞൾ പൊടി 

10. Taste conscious ആണെങ്കിൽ വെളിച്ചെണ്ണ / health conscious ആണെങ്കിൽ sunflower oil 

ആദ്യമായി വക്കു പൊട്ടാത്ത ചീനച്ചട്ടി അടുപ്പത്തു വക്കുക. ചൂടാവുമ്പോ എണ്ണ ധാര ധാരയായി ഒഴിക്കുക. എണ്ണയും ചൂടാവുമ്പോ കടുകുമണീസ് ഇട്ടു മാറി നിൽക്കുക . കടുക്മണി കുഞ്ഞുങ്ങൾ പൊട്ടിത്തെറിച്ചു കഴിഞ്ഞാൽ whole spices (കരയാമ്പൂ , ചെറും ജീരകം , സ്റ്റാർ പോലിരിക്കുന്നവൻ, ഉണക്ക ഇല പോലിരിക്കുന്നവൻ , മരത്തൊലി പോലിരിക്കുന്നവൻ) ഏതെങ്കിലും വീട്ടിൽ ഇരുപ്പുണ്ടെങ്കി പെറുക്കി ഇടാം .(ഇല്ലെങ്കിലും സാരമില്ല. )

ഉള്ളിയും കറിവേപ്പിലയും പച്ചമുളകും കൈ കോർത്ത് പിടിച്ചു ചട്ടിയിലേക്ക് ചാടട്ടെ . ഉപ്പും മഞ്ഞൾ പൊടിയും ചേർത്തു ഇളക്കുക . (ഇളക്കൽ ആണ് നമ്മളുടെ മെയിൻ.)

അങ്ങനെ വരമഞ്ഞളാടിയ ഉള്ളിയുടെ മാറിൽ ഇഞ്ചി- വെളുത്തുള്ളി- തക്കാളി മിശ്രിതം ചേർത്ത് വീണ്ടും ഇളക്കുക. ഇളക്കി ഇളക്കി ingredients- ന്റെ എല്ലാം respective പെറ്റമ്മ കണ്ടാൽ തിരിച്ചറിയാത്ത പരുവത്തിൽ ആക്കുക. 

ഇനി നമുക്ക് ഏറ്റവും ദേഷ്യം ഉള്ള ആളെ മനസ്സിൽ ധ്യാനിച്ച് ചിക്കൻ കഷണങ്ങൾ ചട്ടിയിലേക്ക് ഇട്ടു കൊത്തി കൊത്തി യോജിപ്പിക്കുക.  കുരുമുളക് പൊടിയും പച്ച വെളിച്ചെണ്ണയും കൂടെ തൂവി ഇളക്കിയെടുത്താൽ പൊളി സാനം . 😋

തീ കെടുത്താം. കൊള്ളാവുന്ന പ്ലേറ്റിയിലേക് വിളമ്പാം. കഴിക്കാം.

ആഹാ ......അന്തസ്സ് ...😝