Friday, June 12, 2020

നൊക്ക്ളാഞ്ചിയ പൂക്കൾ (വെട്ടു കേക്ക് )

അച്ഛാച്ചൻ ബാലൻ ചേട്ടന്റെ ചായക്കടയിൽ നിന്ന് പത്രക്കടലാസ്സിൽ പൊതിഞ്ഞു വാങ്ങി കൊണ്ട് തന്നിരുന്ന സ്വർണപൂക്കൾ പോലുള്ള പലഹാരം. ഈ സുന്ദര കുഞ്ഞന് ആരാ വെട്ടു കേക്ക് എന്ന് പേര് ഇട്ടതു? ഒരു മാതിരി കൊട്ടെഷൻ സംഘത്തിന് ഇടുന്ന പേര് പോലെയായി പോയി . 

വടയുടെയും അടയുടെയും അപ്പങ്ങളുടെയും ഇടയിൽ  ചില്ലുകൂട്ടിലിരിക്കുന്ന ഈ ആൾ കൂട്ടത്തിലെ പരിഷ്കാരി തന്നെ. സംഗതി മറ്റുള്ളവരെ പോലെ അതേ എണ്ണയിൽ വറുത്തു കോരിയ സംഭവം ആണെങ്കിലും ഒരു baked cake പരിവേഷം ഒക്കെയുണ്ട്. 

മൈദ ആരോഗ്യത്തിനു നല്ലതല്ലെന്നും , എണ്ണ പലഹാരം കഴിച്ചാൽ cholesterol വരുമെന്നും , ചൂട് പലഹാരം പത്രത്തിൽ  പൊതിഞ്ഞാൽ മഷി react  ചെയ്യുമെന്നും ഒന്നും ആരും തല പുകക്കാത്ത ആ കാലത്തു എല്ലാത്തിനും മധുരമായിരുന്നു. എല്ലാം സുന്ദരവും. 

ഈ ഒരു നൊസ്റ്റാൾജിയ പാകം ചെയ്യാൻ ആവശ്യമായ ചേരുവകൾ ഇതൊക്കെയാണ്.

1. ഗ്ലാസ് മൈദ
2. 4 tbsp പഞ്ചസാര
3. 1 മുട്ട
4. 2 ഏലക്ക 
5. 1 tsp നെയ്യ്‌
6. വറുക്കാൻ ആവശ്യമുള്ള എണ്ണ

പഞ്ചസാരയും ഏലക്കയുടെ തരികളും ചേർത്ത് പൊടിക്കുക. മുട്ട അടിച്ചു പതപ്പിച്ചു , അതിലേക്ക് പൊടിച്ച പഞ്ചസാര ചേർത്ത് യോജിപ്പിക്കുക . പഞ്ചസാര അലിഞ്ഞു വരണം. ഇതിലേക്ക് മൈദാ കുറേശ്ശേ ആയി ഇട്ടു കുഴച്ചെടുക്കുക. ചപ്പാത്തി മാവിന്റെ പരുവത്തിൽ എത്തിക്കണം. 3 മണിക്കൂർ മാറ്റിവെക്കുക. അതിനു ശേഷം കയ്യിൽ നെയ്യ് തൂവി മാവു ഒരു സിലിണ്ടർ പോലെ ഉരുട്ടിയെടുക്കുക. ഈ സിലിണ്ടർ 2 cm  കനം ഉള്ള ഡിസ്ക് പോലെ മുറിച്ചെടുക്കുക. ഓരോ ഡിസ്ക്കിലും കത്തി കൊണ്ട് ക്രോസ്സ് വരയുക. എണ്ണ ചൂടാക്കി സ്വർണവർണത്തിൽ  പൊരിച്ചെടുക്കുക. ചൂട് ചായ കൂട്ടി നൊസ്റ്റു അടിച്ചു കഴിക്കുക .

(ബാക്കി ഉണ്ടെങ്കിൽ പിറ്റേന്നത്തേക്ക് വച്ചാൽ ഇനിയും രുചി ഉണ്ടാകും)


ശുഭം 


 

No comments:

Post a Comment